Articles From Warmmaj With Love Details

അക്കവും അക്ഷരവും

calender 25-05-2022

എന്റെ കുട്ടിക്കാലത്ത്, ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അറിയണമെന്ന് ആശ തോന്നിത്തുടങ്ങിയ 1945-50 കാലഘട്ടങ്ങളില്‍ അതിന് ഒരേയൊരു മാര്‍ഗ്ഗം പത്രം വായന ആയിരുന്നു. വീട്ടില്‍ രാവിലെ പത്തുമണിയോടുകൂടി ഒരു പത്രം വരും. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളരാജ്യം. സ്വാതന്ത്ര്യസമരവും, രണ്ടാംലോകമഹായുദ്ധവും കാരണം വാര്‍ത്തകള്‍ക്കു പഞ്ഞമില്ലാതിരുന്ന ആ കാലത്ത് നാടന്‍ അപകടങ്ങളുടെയും വഴക്കുകളുടെയും കഥകള്‍ വിരളമായിരുന്നു. വീട്ടില്‍ രാവിലെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കണം എന്നത് അക്കാലത്ത് പല ഗാന്ധിയന്‍ ചിന്താഗതിക്കാരായ പിതാക്കളും ചെയ്തിരുന്നതുപോലെ എന്റെ അഛനും ഏര്‍പ്പെടുത്തിയ കര്‍ശനമായ ദിനചര്യ ആയിരുന്നു. ഭക്ഷണവും കളിയും മാത്രം ആവശ്യമായിരുന്ന ബാല്യത്തില്‍ ഈ നൂല്‍നൂല്‍പ്പിനെ കളിയുടെ ഭാഗമാക്കാന്‍ പറ്റിയില്ല. സ്വാഭാവികമായും ചര്‍ക്കയോട് ഒരു എതിര്‍പ്പ് സൈക്കേയുടെ ഭാഗമായി. ചര്‍ക്കയില്‍ നൂല്‍നൂല്‍പ്പിക്കാന്‍ കാരണക്കാരനായ ഗാന്ധിജിയെ വിട്ട് അന്ന് സ്വാതന്ത്ര്യസമരവാര്‍ത്തകളില്‍ മുന്നില്‍ നിന്നിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് ആരാധാനാപാത്രമായി. ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷുകാരെ വക വരുത്താന്‍ ജപ്പാന്റെ സൈഡില്‍ നിന്ന നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി അപദാനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്തയായി. ആ കഥകളില്‍ ഒരു ഡിറ്റക്ടീവ് സീരിയലിന്റെ രസക്കൂട്ടുകളുമുണ്ടായിരുന്നു.

ഇന്ന് വര്‍ത്തമാനപ്പത്രം മാറി. അച്ചടിച്ച പത്രത്തെ തത്സമയ ദൃശ്യശ്രാവ്യ വാര്‍ത്താ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ അറിയിക്കാനുള്ള മീഡിയം എന്ന നിലയില്‍ നിന്നും തങ്ങളെ അനുധാവനം ചെയ്യുന്ന ഒരു വൃദ്ധന്റെ അപഗ്രഥന പുലമ്പലിനപ്പുറം ഒന്നും നല്‍കാനില്ലാത്ത നിലയിലേക്കു കൊണ്ടു വന്നു. ഇന്നും പക്ഷെ പഴയ രസക്കൂട്ടു കളാണ് എനിക്കിഷ്ടം. എനിക്കു മാത്ര മല്ല, ഒരു മാതിരി എല്ലാ സാധാരണ പരമ്പരാഗതവായനക്കാര്‍ക്കും. പണ്ടത്തെ പത്രവായനയുടെയും ന്യസ് കമ്യൂണിക്കേഷന്‍സിന്റെയും രീതി പല പീരിയേഡ് സിനിമകകളില്‍ കാണാം. ഒരു ചായക്കടയും പ്രഭാതത്തില്‍ അവിടെ കട്ടന്‍കാപ്പി കുടിക്കാനെത്തുന്ന അയല്‍ക്കൂട്ടവും ഇവിടെ രാഷ്ട്രീയം പാടില്ല എന്ന ചുമര്‍ നോട്ടീസും. ഒരു ബുദ്ധിജീവി ടൈപ്പ് മെലിഞ്ഞ മദ്ധ്യവയസ്‌ക്കന്‍ നിവര്‍ത്തിപ്പിടിച്ച പത്രം ഉറക്കെ വായിക്കുന്നു. ശ്രോതാക്കള്‍ ഓരോ വാര്‍ത്തയും കേട്ട് അവരവരുടെ അജ്ഞതയുടെ ഫില്ലറായി വാദപ്രതിവാദം നടത്തുന്നു. ഒരു തമാശയ്ക്കായി ഞാന്‍ ഈയിടെ പത്രം കണ്ടാല്‍ വായിക്കു മെന്ന് നാം പ്രതീക്ഷിക്കുന്ന കുറെ 

ഉന്നത ബിരുദധാരികളായ ചെറുപ്പക്കരുമായി സംവദിച്ചു. അക്ഷരാഭ്യാസം കാര്യമായി ഉപയോഗിക്കേണ്ടാത്ത മേഖലകളില്‍ വലിയ വിജയികളായിരുന്നവരായിരുന്നു അവരെല്ലാം. അവര്‍ പത്രത്തില്‍ എന്താണ് വായിക്കുന്നത്? എല്ലാവരും ടെലിവിഷന്‍ കാണുന്നവരാണ്. മിക്കവരും കമ്പ്യൂട്ടര്‍-ഓണ്‍ലൈന്‍-മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.ഇവരില്‍ എല്ലാവര്‍ക്കും അറിയാവുന്ന പേരുകളും കണക്ടഡ് വാര്‍ത്തകളും ക്രിക്കറ്റ്-സിനിമാ സൂപ്പര്‍ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുത്തിയ സുന്ദരികളുടേതും ആയിരുന്നു. അവര്‍ക്ക് രാഷ്ട്രീയക്കാരെ പുച്ഛമാണ്. രാഷ്ട്രീയ നേതാക്കളെയോ അവരുടെ രാഷ്ട്രീയ നിലപാടുകളോ പോയിട്ട് അവരുടെ പാര്‍ട്ടിയുടെ പേരുപോലും മിക്കവരും ശരിക്ക് ഐഡന്റിഫൈ ചെയ്തില്ല. ടെലിവിഷനിലെ സീരിയലുകള്‍ക്കും സിനിമകള്‍ക്കും തത്സമയ ഫുട്‌ബോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും ഇടയ്ക്ക് പരസ്യം വരുമ്പോള്‍ റിമോട്ട് ചെന്നെത്തുന്ന വാര്‍ത്താ ചാനലുകളിലെ ബിറ്റുകള്‍ മാത്രമാണ് ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജനറല്‍ കറന്റ് അഫയേഴ്‌സ് അറിവിന്റെ സോഴ്‌സ്. പക്ഷെ ഇവരെല്ലാവരും ഒരു കാര്യത്തില്‍ തികച്ചും ഏകാഭിപ്രായക്കാരാണ്.കേരളത്തിന്റെ കാര്യം പോക്കാണ്. ഇവിടെ ഒന്നും ശരിയല്ല.ഞാന്‍ സ്വയം കാരണം തേടി. നമുക്ക് കണക്കുകളിലൂടെ വരുന്ന സത്യം എന്നു നാം വിശ്വസിക്കുന്ന നെഗറ്റീവ് ന്യസ് ആണ് കൂടുതല്‍ പ്രിയം.തികച്ചും വികലമായ, പക്ഷെ തെറ്റെന്ന് പറയാന്‍ വയ്യാത്ത ഒരു നിഗമനം. അക്കക്കണക്കുകളും ശരാശരിയും ആധുനിക വിജ്ഞാനത്തിന് നല്‍കുന്നതിനെ ചെറുത്ത് സത്യം പുറത്തു കാട്ടാന്‍ ഇന്ന് പത്രമാദ്ധ്യമങ്ങള്‍ക്കു കഴിയുന്നില്ല. .സയന്‍സ് ഓഫ് സോഷ്യല്‍ ഇക്കോണോമിക്‌സ് ആണ് ഇതിന്റെ ദുര്യോഗം അനുഭവിക്കുന്നത്. സമൂഹത്തിന്റെ വിശ്വാസവും വികാരവുമായി ബന്ധപ്പെടാത്ത അക്കക്കണക്കുകള്‍ അടിസ്ഥാനമാക്കി ഒരു ശരാശരിയിലൂടെ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ വാര്‍ത്താശൈലി സ്വാഭാവികമായും നമുക്ക് പോസിറ്റിവ് ന്യൂസ് നല്‍കാന്‍ അപ്രാപ്തമാകുന്നു.കേരളത്തിന്റെ കാര്യം ഒന്നു നോക്കുക. സാക്ഷരതയിലും ആരോഗ്യത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രവര്‍ത്തനക്ഷമതയിലും രാഷ്ട്രീയ അവബോധത്തിലും പാവപ്പെട്ടവരുടെ ജീവിതനിലവാരത്തിലും നാം ഇന്ത്യയില്‍ മുന്നിലാണെന്ന് കണക്കുകള്‍ വായിക്കാതെ തന്നെ ഇവിടെ വരുന്ന ആര്‍ക്കും മനസ്സിലാകും. നാം പൊതുവെ സത്യസന്ധരാണ്. നിയമം പാലിക്കുന്നു. അയല്‍പക്കത്തെ ക്രൈം കൃത്യമായി റിപ്പോര്‍ട്ടു ചെയ്യും. നമ്മുടെ തീവ്രവാദികള്‍ പോലും കേരളമണ്ണില്‍ സമാധാനപ്രിയരാണ്.പക്ഷെ ഈ സത്യസന്ധത അക്കങ്ങളിലെത്തിയപ്പോള്‍ സ്ഥിതി ആകെ മാറി.അക്കക്കണക്കു പ്രകാരം ഇന്ത്യയില്‍ നാം പലതിലും ഒന്നാമരാണ്.ആത്മഹത്യ: . വാര്‍ഷികശരാശരി 9000 ആത്മഹത്യയും 80000 ആത്മഹത്യാശ്രമങ്ങളും ആണ്. ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടി.കുറ്റക്യത്യങ്ങള്‍: വര്‍ഷം തോറും 1000 ആള്‍ക്ക് 306 കുറ്റം. ദേശീയ ശരാശരി 177 ആണ്.തൊഴിലില്ലായ്മ: 15വയസ്സിനും 29 വയസ്സിനും ഇടയ്ക്കുള്ള യുവതീയുവാക്കള്‍ ശരാശരി 35 ശതമാനം തൊഴിലില്ലാത്തവരാണ്. 

സ്ത്രീപീഡനം: കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ സ്ത്രീപീഡനസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ നാലിരിട്ടിയായി. ഇപ്പോള്‍ മലയാളി വനിതകളില്‍ 23 ശതമാനവും വര്‍ഷത്തിലൊരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാകുന്നുണ്ട്.

മദ്യപാനം: ശരാശരി 10 ലിറ്റര്‍ മദ്യം മലയാളി വര്‍ഷം തോറും കുടിക്കുന്നു. ദേശീയ ശരാശരിയുടെ മൂന്നിരട്ടി.വാസ്തവത്തില്‍ ഇവയെല്ലാം നാമും നമ്മുടെ പോലീസും യോജിച്ച് സത്യസന്ധമായി അക്കങ്ങള്‍ എഴുതി കൂട്ടി ഗുണിച്ച് ഹരിച്ച് വയ്ക്കുന്നതുകൊണ്ടല്ലേ?കേരളത്തിന് പുറത്ത് ഗ്രാമീണ മേഖലകളിലെ ആത്മഹത്യകളുടെയോ, കുറ്റകൃത്യങ്ങളുടെയോ, സ്ത്രീപീഡനത്തിന്റെയോ, വീട്ടില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ ഉപഭോഗത്തിന്റെയോ പത്തു ശതമാനം പോലും പുറത്തു വരുന്നില്ല. നമ്മുടെ ചെറുനഗരങ്ങളില്‍പ്പോലും ജോലികള്‍ക്കെത്തുന്ന ഒറിസ്സ, ബംഗാള്‍, ആസാം നിവാസികളുടെ എണ്ണം ജ്യോമട്രിക്കല്‍ പ്രോഗ്രഷനില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇവിടുത്തെ നാട്ടുകാരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ കാട്ടുന്ന അക്കങ്ങളില്‍ എന്തോ ആന്തരികമായ വൈരുദ്ധ്യമില്ലേ ? 

നമുക്കൊക്കെ കണക്ക് ഇഷ്ടമാണ്. പക്ഷെ കീറാമുട്ടിയുമാണ്. അതേ സമയം കണക്കിനെ നാം വിശ്വസിക്കുന്നു. അക്ഷരങ്ങളെക്കാള്‍ ഏറെ നമ്മെ നയിക്കുന്നത് അക്കങ്ങളാണ്. നമ്മുടെ മാദ്ധ്യമങ്ങളെയും.

Share